മരിക്കുന്നതിനു മുൻപ് നയന സൂര്യയ്ക്ക് മർദ്ദനമേറ്റു; മുഖത്ത് അടിയേറ്റ പാടുകൾ; ഫോണിലൂടെ ഭീഷണി; നയനസൂര്യയുടെ സുഹൃത്തിന്റെ മൊഴി പുറത്ത്
മരണപ്പെടുന്നതിന് മുൻപ് യുവ സംവിധായിക നയന സൂര്യ അതി ക്രൂരമായ മർദ്ദനത്തിന് ഇര ആയിരുന്നതായി നയന സൂര്യയുടെ സുഹൃത്ത് ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെ യുവ സംവിധായകയുടെ മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ട് എന്ന കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. നയന സൂര്യയുടെ ശരീരത്തിൽ മർദ്ദനം ഏറ്റിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കാണിക്കുന്നുണ്ട്. ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് നയനയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നത്.
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നയന സൂര്യ മർദ്ദനത്തിന് ഇര ആയതായും ഒരാള്‍ ഇവരെ ഫോണിലൂടെ വിളിച്ച് പതിവായി ഭീഷണിപ്പെടുത്തിയിരുന്നതായും സുഹൃത്ത് ക്രൈം ബ്രാഞ്ചിന് നല്കിയ മൊഴിയില്‍ പറയുന്നു. അതേ സമയം മർദ്ദിച്ച ആളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനോട് പറഞ്ഞിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാൽ ഇത് ആരാണ് എന്നത് സംബന്ധിച്ചുള്ള പേര് വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇയാൾ ഇതുവരെ അന്വേഷണത്തിന്റെ പരിധിയിൽ വന്നിട്ടില്ലായിരുന്നു.
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് നയന സൂര്യയുടെ മുഖത്ത് മർദ്ദനമേറ്റതിന്റെ പാട് ഉണ്ടായിരുന്നതായി സുഹൃത്ത് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഈ സുഹൃത്ത് താമസിച്ചിരുന്നത് നയന സൂര്യയുടെ വീടിൻറെ സമീപത്തായിരുന്നു. മുഖത്തെ പാടിനെ കുറിച്ച് നയന സൂര്യയോട് ചോദിച്ചപ്പോൾ ആദ്യം പറഞ്ഞത് ഒരുവശം ചരിഞ്ഞു കിടന്നപ്പോൾ പറ്റിയതാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങളിൽ നിന്നും അവർ ഒഴിഞ്ഞു മാറുകയും ചെയ്തു. എന്നാൽ പിന്നീട് ഒരു ദിവസം ഒരാൾ തന്നെ മർദ്ദിച്ചതായി നയന സൂര്യ പറഞ്ഞു. വീട്ടില്‍ എത്തിയാണ് മർദ്ദനം നടന്നത്.