വളയിട്ട കയ്യിൽ വളയവും വഴങ്ങും; 50000 വനിതകളെ ഡ്രൈവർമാരാക്കാന്‍ ഒരുങ്ങി ലോറി ഉടമകൾ
സംസ്ഥാനത്തെ നിരത്തുകളിൽ കൂടി ഓടുന്ന ലോറികളിൽ ഇനിമുതൽ വനിതാ ഡ്രൈവർമാരെ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചു. നിലവിൽ സംഘടനയുടെ കീഴിൽ രാജ്യത്ത് ഉടനീളം 10 ലക്ഷം ചരക്ക് വാഹനങ്ങൾ ആണ് ഉള്ളത്. കേരളത്തിൽ മാത്രം 8 ലക്ഷം വാഹനങ്ങൾ ഉണ്ട്. സംസ്ഥാനത്തുള്ള ഒന്നര ലക്ഷത്തിലധികം വലിയ ചരക്ക് വാഹനങ്ങളിലേക്ക് 50000 ഡ്രൈവർമാരുടെ ഒഴിവുകളാണ് ഇപ്പോൾ ഉള്ളത്. 25000 വരുന്ന ചെറിയ ചരക്ക് വാഹനങ്ങളിൽ സ്ഥിരമായി തൊഴിലാളികൾ ഇല്ല.
പുരുഷന്മാരെ അപേക്ഷിച്ച് വനിതാ ഡ്രൈവർമാർ നിയമങ്ങൾ കൃത്യമായി പാലിക്കുമെന്നും ലഹരി ഉപയോഗിച്ചു വാഹനം ഓടിക്കില്ല എന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം ലോറി ഓണേഴ്സ് അസോസിയേഷൻ എടുത്തത്. ഇതിൻറെ ഭാഗമായി വരുന്ന 2 വർഷത്തിനകം 10000 പേരെ പരിശീലിപ്പിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു ചരക്ക് ലോറിയിൽ രണ്ട് ഡ്രൈവർമാരും ഒരു സഹായിയും ഉൾപ്പെടെ മൂന്നു പേർക്ക് തൊഴിൽ കൊടുക്കാൻ കഴിയും. ഇതിൻറെ ഭാഗമായി ആദ്യം 100 പേരെ കണ്ടെത്തി പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇവർ മറ്റുള്ളവർക്ക് പരിശീലനം നൽകും. ഇങ്ങനെ അരലക്ഷം ഡ്രൈവർമാരെ പരിശീലിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.
മികച്ച ശമ്പളം ഉള്ളതുകൊണ്ട് തന്നെ നിരവധി പേരെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ കഴിയും എന്നാണ് കരുതുന്നത്. ഹെവി ലൈസൻസ് എടുക്കുന്നതിന് എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രം മതി എന്നതുകൊണ്ട് തന്നെ നിരവധി വീട്ടമ്മമാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഈ പദ്ധതി വിജയിക്കുകയാണെങ്കിൽ രാജ്യം എമ്പാടും ഇത് വ്യാപിപ്പിക്കാനും ലോറി ഓണേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ താല്പര്യമുള്ള സ്ത്രീകൾക്ക് ലോറി ഓർഡേഴ്സ് വെൽഫെയർ അസോസിയേഷനില്‍ നേരിട്ടു ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പർ 9946301002.