ലോട്ടറി എടുത്ത് പണം കളയണ്ട എന്ന് ഭാര്യ വിലക്കി; അഖിലേഷ് കേട്ടില്ല; അർഹിച്ച കൈകളിൽ ഭാഗ്യമെത്തിയപ്പോൾ നിറകണ്ണുകളോടെ അഖിലേഷും കുടുംബവും
ഇത്തവണത്തെ ക്രിസ്മസ് ന്യൂ ഇയർ ബംബർ, കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണ് സമ്മാനമായി നൽകിയത്. 16 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഉടമ തന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന് അഭ്യർത്ഥിച്ചിരുന്നു. പാലക്കാട് നഗരത്തിൽ നിന്നാണ് ഈ ടിക്കറ്റ് വിൽപ്പന നടത്തിയത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേർക്കാണ്. ഈ പത്തു പേരില്‍ ഒരാൾ വൈക്കം സ്വദേശിയായ അഖിലേഷ് ആണ്. വളരെ ദുരിത പൂർണമായ ജീവിതം തള്ളി നിൽക്കുന്നതിനിടെയാണ് ഇത്തരമൊരു ഭാഗ്യം അഖിലേഷിനെ തേടിയെത്തുന്നത്. കാരണം നാലു വർഷം മുൻപ് രോഗബാധിതനായി കിടപ്പിലായപ്പോൾ നാട്ടുകാര്‍ പിരിവെടുത്ത് നൽകിയ പണം ഉപയോഗിച്ചാണ് ഈ കുടുംബം ജീവിതം മുന്നോട്ടു നയിച്ചത്.
ഭാഗ്യം തേടി എത്തിയത്തില്‍ ഏറെ സന്തോഷവാനാണെന്ന് അഖലേഷ് പറയുന്നു. ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്. വലിയ ഒരു അസുഖത്തിൽ നിന്നും രക്ഷപ്പെട്ടാണ് ഇവിടം വരെ എത്തിയത്. സ്വന്തമായി ഒരു വീട് വച്ച് പ്രായമായ അമ്മയെയും സഹോദരിയെയും ചികിത്സിക്കണം എന്നും അവരോടൊപ്പം സുഖകരമായി ജീവിക്കണം എന്നുമാണ് അഖിലേഷിന്റെ ആഗ്രഹം. സുഹൃത്ത് മൂന്നര സെൻറ് സ്ഥലം വീട് വയ്ക്കാനായി തന്നിരുന്നു. അവിടെ ഒരു വീട് വയ്ക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷിച്ചു എങ്കിലും നടന്നില്ല. ഇനിയും വൈകും എന്നാണ് അധികൃതർ അറിയിച്ചത്.
വളരെ അപ്രതീക്ഷിതമായിട്ടാണ് ലോട്ടറി എടുക്കുന്നത്. ഇതുവരെ ലോട്ടറി അടിച്ചിട്ടില്ലാത്തതിനാൽ ഒന്ന് ഭാഗ്യം പരീക്ഷിക്കാം എന്ന അഖിലേഷിന്റെ നിർബന്ധത്തിന് ഭാര്യ വഴങ്ങുകയായിരുന്നു. കാരണം വാടക വീട്ടിൽ താമസിക്കുന്ന അവര്‍ക്ക് 400 രൂപ വളരെ വലിയ തുകയാണ്. മരുന്നു വാങ്ങിക്കാൻ പോലും പലപ്പോഴും പണം തികയാറില്ല. അതുകൊണ്ടുതന്നെ മടിച്ചു മടിച്ചാണ് അഖിലേഷ് ലോട്ടറി എടുക്കാൻ തീരുമാനിച്ചത്. ഒരു വീട് വയ്ക്കാന്‍ ഉള്ള വഴി തെളിയിക്കണം എന്ന് അമ്പലത്തിൽ പോയി കരഞ്ഞ് പ്രാർത്ഥിച്ച് തിരിച്ചു വരുമ്പോഴാണ് ഭർത്താവിന് ലോട്ടറി അടിച്ചു എന്ന വിവരം അഖിലേഷിന്റെ ഭാര്യ അറിയുന്നത്.