‘കേരളം സുരക്ഷിത ഭക്ഷണയിടം’; ഹെൽത്ത് കാര്‍ഡ് നിർബന്ധമാക്കി സർക്കാർ; പാഴ്സല്‍ നല്‍കുന്നതിനും പുതിയ നിബന്ധനകള്‍
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു വർധിച്ചു വരുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജനുവരി ഒന്നു മുതൽ ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും വിൽപ്പന നടത്തുന്നതിനും നിയമനങ്ങള്‍ കര്‍ശനമാക്കി. എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കി. ഇതിൻറെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെ കൂടാതെ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഹെൽത്ത് കാര്‍ഡ് പരിശോധിക്കും. കേരളത്തിൽ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന ‘കേരളം സുരക്ഷിത ഭക്ഷണം ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ പരിശോധന ശക്തമാക്കാനാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള നിബന്ധനകൾ തെറ്റിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ നടപടികൾ സ്വീകരിക്കാനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ന്യൂനതകൾ കണ്ടെത്തി അടപ്പിച്ച ഭക്ഷണശാലകൾ തുറന്നു കൊടുക്കുമ്പോൾ നിർദ്ദേശിക്കപ്പെട്ട എല്ലാ പോരായ്മകളും പരിഹരിച്ചു എന്ന് ഉറപ്പു വരുത്തണം. ഈ സ്ഥാപനത്തിലെ ജോലിക്കാര്‍ രണ്ടാഴ്ചയ്ക്കകം തന്നെ ഭക്ഷ്യസുരക്ഷാ പരിശീലനം നേടണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്ഥാപനം തുറക്കുക ആണെങ്കില്‍ ഒരു മാസത്തിനകം ഹൈജീൻ റേറ്റിംഗിനായി രജിസ്ട്രേഷൻ നൽകും എന്ന സത്യപ്രസ്താവനയും സമർപ്പിക്കണം. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടു വർദ്ധിച്ചു വരുന്ന പരാതികൾ കണക്കിലെടുത്താണ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
നേരത്തെ തന്നെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണത്തിന്റെ പാഴ്സലുകൾ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ഫെബ്രുവരി ഒന്നു മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. പാഴ്സലില്‍ പതിച്ചിരിക്കുന്ന സ്ലിപ്പിൽ ഭക്ഷണം പാചകം ചെയ്ത തീയതിയും സമയവും ഇത് എത്ര സമയത്തിനുള്ളിൽ ഭക്ഷിക്കണം എന്നുമുള്ള വിശദമായ വിവരവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ചില ഭക്ഷണ സാധനങ്ങൾ പാകം ചെയ്തു നിശ്ചിത സമയത്തിനുള്ളിൽ കഴിക്കാതിരുന്നാല്‍ അതിൽ വിഷബാധ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. പാഴ്സലിൽ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാൽ പിന്നീട് ആ ഭക്ഷണം ഒരു കാരണവശാലും കഴിക്കരുത് എന്നും നിർദ്ദേശമുണ്ട്. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഷവർമ മാർഗ്ഗ നിർദ്ദേശവും ഇപ്പോൾ പാലിക്കുന്നുണ്ട്. പച്ചമുട്ട ഉപയോഗിച്ച് മയണൈസിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ട് ഫുഡ് വിഭാഗത്തിൽ പെടുന്ന ഭക്ഷണം പാചകം ചെയ്തു രണ്ടു മണിക്കൂറിനകം തന്നെ കഴിക്കണം എന്ന നിർദ്ദേശവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയിട്ടുണ്ട്.