സ്വീഡിഷ്കാരിയുമായുള്ള യുപി സ്വദേശിയുടെ 12 വർഷം നീണ്ട പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തി
പ്രണയം അന്ധമാണ് എന്ന് പറയുന്നതുപോലെ തന്നെ അതിരുകളും ഇല്ലാത്തതാണ്. പ്രണയത്തിനു അകലം ഒരിയ്ക്കലും ഒരു പ്രശ്നമേ അല്ല. മനുഷ്യൻ കൽപ്പിച്ചു നല്കുന്ന അതിരുകള്‍ക്കും അപ്പുറമാണ് പ്രണയത്തിൻറെ വളർച്ചയും പിന്നിലുള്ള പുരോഗതിയും. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് ക്രിസ്റ്റന്‍ ലൈബോർട്ടും യു പി സ്വദേശിയായ പവൻ കുമാറും തമ്മിലുള്ള പ്രണയം. ഇവരുടെയും വർഷങ്ങൾ നീണ്ടു നിന്ന പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹാശിസുകളോടെയാണ് ഇരുവരുടെയും ബന്ധം വിവാഹത്തില്‍ എത്തിച്ചേര്‍ന്നത്.
പവൻകുമാറും ക്രിസ്റ്റനും തമ്മിൽ പരിചയപ്പെടുന്നത് 2012 ലാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്. 10 വർഷത്തിലധികം ഇരുവരുടെയും ബന്ധം നീണ്ടു നിന്നു. ഇതിനിടെ ഇരുവരുടെയും സൗഹൃദം പതിയെ പ്രണയമായി മാറി. സംഭവം രണ്ടു പേരും വീട്ടുകാരോട് പറഞ്ഞു. ഇരുവരുടെയും വീട്ടുകാർക്ക് ബന്ധത്തിൽ എതിർപ്പില്ല എന്ന് അറിയിച്ചതോടെ വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തിച്ചേർന്നു. പവൻ കുമാറിന്റെ വധു ആകാൻ വേണ്ടി സ്വീഡിഷ് സ്വദേശിനി ഉത്തർ പ്രദേശിലേക്ക് പറന്നെത്തി. പരമ്പരാഗത ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടന്നത്. ഇന്ത്യൻ വധു ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ആണ് ക്രിസ്റ്റന്‍ കല്യാണ മണ്ഡപത്തിലേക്ക് കടന്നത്. നാട്ടുകാരും സുഹൃത്തുക്കളും അടക്കം നിരവധിപേർ വിവാഹത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ മരുമകളാകാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്നും ചെറുപ്പം മുതൽ തന്നെ താൻ ഇന്ത്യയെ വല്ലാതെ സ്നേഹിക്കുന്നുണ്ടെന്നും ക്രിസ്റ്റന്‍ പറഞ്ഞു. ബിടെക് ബിരുദധാരിയായ പവൻകുമാർ നിലവിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. ഇരുവരും അധികം വൈകാതെ സ്വീഡനിലേക്ക് പറക്കും.