നിമിഷപ്രിയ ചെയ്തത് കൊലപാതകത്തെക്കാൾ വലിയ കുറ്റം; ദയാധനം സ്വീകരിക്കാതെ കുടുംബാംഗങ്ങൾ; വീണ്ടും അനിശ്ചിതത്വം
യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനം വീണ്ടും തുലാസിൽ ആയിരിക്കുകയാണ്. ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഇതുവരെ എങ്ങും എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് വിഘാതം വരാനുള്ള കാരണം തലാലിന്റെ കുടുംബത്തിന്റെ ഇടപെടലാണ്. കുടുംബത്തിലുള്ള എല്ലാവരും അംഗീകരിച്ചു എങ്കിൽ മാത്രമേ ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാൻ കഴിയുകയുള്ളൂ. തലാലിന്‍റെ കുടുംബത്തിലെ രണ്ട് അംഗങ്ങളാണ് ഇപ്പോള്‍ ഇതിന് എതിരു നിൽക്കുന്നത്. ഇവർ രണ്ടുപേരും ഒഴിച്ച് ബാക്കി എല്ലാവരും ദയാധനം സ്വീകരിച്ച് നിമിഷ പ്രിയയെ മോചിപ്പിക്കാൻ തയ്യാറായിട്ടുണ്ട്.
തലാലിന്റെ നാട് ഹൂദി വിമതരായ ഇസ്ലാമിക ഗോത്രവർഗ്ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. ഇവിടുത്തുകാർ കടുത്ത ഇസ്ലാം നിയമങ്ങൾ പിന്തുടരുന്നവരാണ്. ഈ പ്രദേശത്ത് പുരുഷനേക്കാൾ കടുത്ത ശിക്ഷയാണ് സ്ത്രീകൾക്ക് നൽകുന്നത്. തലാലിനെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വികൃതമാക്കിയത് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത കുറ്റമാണെന്നും ഇത് കൊലപാതകത്തിനേക്കാൾ ശിക്ഷ അർഹിക്കുന്നു എന്നുമാണ് ബന്ധുക്കൾ ഇപ്പോള്‍ പറയുന്നത്.
അതേ സമയം ദയാധനത്തിനുള്ള പണം സമാഹരിച്ചിട്ടുണ്ട്. തലാലിന്റെ കുടുംബത്തിൽ ഇതിന് എതിരെ നിൽക്കുന്നവരുമായി ഇടനിലക്കാര്‍ മുഖേന സംസാരിച്ച് ഒരു തീരുമാനത്തിൽ എത്താനാണ് നിമിഷപ്രിയയുടെ കുടുംബം ശ്രമിക്കുന്നത്. ഇതിന് അവർ കേന്ദ്രസർക്കാരിൻറെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. യമനിൽ നേഴ്സ് ആയി ജോലി ചെയ്യുന്നതിനിടെയാണ് യമൻ സ്വദേശിയായ തലാലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടു നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിക്കുന്നത്. യമനിലെ നിയമമനുസരിച്ച് കൊല്ലപ്പെട്ട ആളിന്റെ കുടുംബം മാപ്പ് കൊടുത്താൽ പ്രതിക്ക് ശിക്ഷയിൽ ഇളവ് കിട്ടും. നേരത്തെ തലാലിന്റെ കുടുംബം ഇതിന് തയ്യാറായിരുന്നു എങ്കിലും പിന്നീട് ചിലർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് നിമിഷ പ്രിയയുടെ മോചനം തുലാസിൽ ആയത്.