ടിക്കറ്റ് എടുത്തത് പാട്നയിലേക്ക്; ഇൻഡിഗോ എയർലൈൻസ് യാത്രക്കാരനെ കൊണ്ടെത്തിച്ചത് രാജസ്ഥാനിൽ
ട്രെയിൻ മാറി കയറുക , ബസ് മാറി കയറുക എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഫ്ലൈറ്റ് മാറിക്കയറുക എന്ന് അപൂർവമായിട്ടായിരിക്കും കേട്ടിട്ടുണ്ടാവുക. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ബീഹാറിലെ പാറ്റ്നയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരനെ ഇന്‍ഡിഗോ എയർലൈൻസ് കൊണ്ടെത്തിച്ചത് രാജസ്ഥാനിലെ ഉദയ്പൂരിലാണ്. സംഭവം വിവാദമായി മാറിയതോടെ ഇൻഡിഗോ എയർലൈൻസിനെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സംഭവം നടന്നത് തിങ്കളാഴ്ചയാണ്. പാട്നയിലേക്കുള്ള യാത്രക്കാരൻ വിമാനം മാറി കയറുക ആയിരുന്നു. ന്യൂഡൽഹിയിൽ നിന്നും പാട്നയിലേക്ക് പോകുന്ന ഇൻഡിഗോ 6 ഈ – 214 എന്ന വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരൻ ബോർഡിങ് പാസ് എടുത്തതിനു ശേഷം തെറ്റായ കൗണ്ടർ വഴി 6 ഈ – 319 എന്ന വിമാനത്തിൽ കയറുകയായിരുന്നു.
എന്നാൽ ഫ്ലൈറ്റിലേക്ക് കയറുന്നതിനു മുൻപ് ഒരു യാത്രക്കാരന്റെ ബോർഡിങ് പാസ് രണ്ടിടങ്ങളിൽ സ്കാൻ ചെയ്തു ഉറപ്പു വരുത്താറുണ്ട്. എന്തെങ്കിലും തരത്തിലുള്ള അബദ്ധം പറ്റുകയാണെങ്കിൽ അത് മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. എന്നാൽ രണ്ടു പ്രാവശ്യം സ്കാൻ ചെയ്തിട്ടും എങ്ങനെയാണ് ഈ യാത്രക്കാരൻ തെറ്റായ വിമാനത്തിൽ സഞ്ചരിച്ചത് എന്നത് ഇൻഡിഗോ എയർലൈൻസിന്റെ ഭാഗത്ത് വന്ന ഗുരുതരമായ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതുകൊണ്ടുതന്നെ എയർലൈൻസിനെതിരെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇൻഡിഗോയുടെ കൗണ്ടറിലുള്ള ജീവനക്കാരുടെ ശ്രദ്ധയില്ലായ്മ കാരണമാണ് ബാർകോഡ് സ്കാൻ ചെയ്തപ്പോൾ പോലും സംഭവം അറിയാതിരുന്നത് എന്ന് ഡിജിസിഎ അഭിപ്രായപ്പെട്ടു. ഇത് ഗുരുതരമായ കൃത്യവിലോപമാണ്. ഉദയ്പൂർ വിമാനത്താവളത്തിൽ എത്തിയതിനു ശേഷം ആണ് യാത്രക്കാരൻ തനിക്ക് പറ്റിയ പിശക് മനസ്സിലാക്കുന്നത്. ഇയാൾ ഈ വിവരം ഇൻഡിഗോയുടെ അധികൃതരെ അറിയിച്ചപ്പോഴാണ് അവരും ഇത് ശ്രദ്ധിക്കുന്നത്. പിന്നീട് അടുത്ത വിമാനത്തിൽ ഇയാളെ പാട്ട്നയിലേക്ക് മടക്കി അയക്കുക ആയിരുന്നു.