കേരളത്തിൻറെ വഴിയോരങ്ങളിൽ കൂണുപോലെ പൊട്ടിമുളച്ചു പടർന്ന് പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകൾ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്; ഡോക്ടര്‍ സുല്‍ഫി നൂഹ്
കേരളത്തിൽ ഏറെ പ്രാധാന്യമുള്ള പൊതുജന ആരോഗ്യപ്രശ്നം വലിച്ചു വാരി ഉള്ള ഭക്ഷണവും അത് മൂലം ഉണ്ടാകുന്ന ഒബിസിറ്റിയും തുടർന്നുണ്ടാകുന്ന പതിനായിരക്കണക്കിന് മരണങ്ങളുമാണെന്ന് ഡോക്ടർ സുൽഫി നൂഹ് . ഭക്ഷ്യ വിഷബാധയേക്കാൾ 100 ഇരട്ടി വലിപ്പമുള്ള പൊതുജനാരോഗ്യ പ്രശ്നമാണ് ഇതെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറുപ്പിൽ വിശദമാക്കുന്നു.
കേരളത്തിൻറെ വഴിയോരങ്ങളിൽ കൂണുപോലെ പൊട്ടിമുളച്ച പടർന്ന് പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകൾ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കണ്ണടച്ച് ഇരുട്ടാക്കിയാൽ ആരോഗ്യ പ്രശ്നം ഇല്ലാതാകില്ല. വഴിയോരങ്ങളിൽ പടർന്നു പന്തലിക്കുന്ന ഈറ്റിംഗ് ഔട്ട്ലെറ്റുകളുടെ വൃത്തിയും ഭക്ഷ്യ വിഷബാധ തടയുന്നതും ഒക്കെ രണ്ടാമത്തെ പ്രശ്നമാണ്. ആദ്യത്തെ പ്രശ്നം അവിടെ പോയി ആഹാരം കഴിക്കുന്നത് തന്നെയാണ്. അമിതമായ ആഹാരവും അതുമൂലം ഉണ്ടാകുന്ന അമിത വണ്ണവും തുടർന്നുണ്ടാകുന്ന രോഗങ്ങളും ഭക്ഷ്യ വിഷബാധയുടെ വാലില്‍ കെട്ടാൻ പോലുമില്ല എന്ന് അദ്ദേഹം പറയുന്നു.
അമിത ആഹാരം മൂലം ഡയബറ്റിസ്, രക്തസമ്മർദ്ദം , ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗം ,സ്ട്രോക്ക് , എന്നു തുടങ്ങി കാൻസർ വരെ ഉണ്ടാകുന്നു. ഭക്ഷ്യവിഷബാധ പ്രശ്നമല്ല എന്നല്ല , അതിനേക്കാൾ ആയിരം ഇരട്ടി വലിയ പ്രശ്നമാണ് അമിതമായ ആഹാരം. കേരളത്തിലെ മാറി വരുന്ന ഈറ്റിംഗ് ട്രെൻഡ് ഒട്ടും നല്ലതല്ല. ഓൺലൈൻ പോർട്ടലുകളിലൂടെ മൊബൈലിൽ കുത്തി ഒന്നും പാചകം ചെയ്യാതെ നീണ്ട് നിവർന്നിരുന്ന് ആഹാരം കഴിച്ച് ഉന്മാദാവസ്ഥയിൽ എത്തുന്നവർ ഭക്ഷ്യ വിഷബാധ പോലെയുള്ള ഇമ്മിണി ചെറിയ വിഷയത്തിൽ ബേജാറാകേണ്ട കാര്യമില്ല. ബേജാറാകേണ്ടത് അമിതവണ്ണത്തിലും അമിത ആഹാരത്തിലും തന്നെയാണെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിൽ പറയുന്നു.