പുരുഷനേക്കാൾ മുകളിലാണ് സ്ത്രീയുടെ മഹത്വം; അത് തിരിച്ചറിയാൻ പറ്റാത്തവരാണ് പുരുഷന്റെ ഒപ്പം എത്തണം എന്ന് വാദിക്കുന്നത്; സ്ത്രീ സമത്വത്തിനു വേണ്ടി വാദിക്കുന്നത് തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്ക് വലിക്കുന്നത് പോലെയാണ്; നടൻ ഇന്ദ്രൻസ്
നടി ആക്രമിക്കപ്പെട്ട കേസിൽ WCC ഇല്ലായിരുന്നെങ്കിൽ ഇതില്‍ കൂടുതൽ പിന്തുണ ലഭിക്കുമായിരുന്നു, ഡബ്ല്യുസിസി ഇല്ലായിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ലന്ന് നടന്‍ ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മ എന്ന സംഘടനയുടെ മുകളിൽ വളർന്നു നിന്ന് പ്രസംഗിച്ചിട്ട് ആ സംഘടനയ്ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിക്കുന്നു. അമ്മ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരും കയ്യിൽ നിന്ന് പണം ചെലവാക്കിയും സമയം കണ്ടെത്തിയുമാണ് അതിനുവേണ്ടി നിൽക്കുന്നത്. ആരും ചോദിക്കാനും പറയാനും ഇല്ലാത്തതുകൊണ്ടാണ് ഡബ്ല്യുസിസി രൂപീകരിച്ചത് എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. ലൈംഗിക അതിക്രമ പരാതികൾ പരിഹരിക്കാൻ അമ്മയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഓരോരുത്തരും അവരവരെ നോക്കുക. കൂട്ടത്തിൽ ഒരാൾ വീണുപോയാൽ താങ്ങാൻ എന്തെങ്കിലും സഹായം ചെയ്യാം എന്നതിനപ്പുറം അമ്മയ്ക്ക് ഒന്നും ചെയ്യാനില്ല. പണം കിട്ടിയില്ലെങ്കിൽ അത് നിയമപരമായി വാങ്ങിത്തരാൻ പോലും അവർക്ക് കഴിയില്ല. ഒരു സംഘടന എന്ന നിലയിൽ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. അമ്മയിൽ അംഗമായവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവർ ഇടപെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ ഒരു കമ്പനി ജോലി പോലെയല്ല. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ മാത്രമാണ് അവകാശം ചോദിക്കാൻ കഴിയുക. പ്രൊഡ്യൂസർ എവിടെ നിന്നോ വന്ന് 30 ദിവസം കൊണ്ട് ഒരു സിനിമ ചെയ്തു പോകുന്നു. വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ച നടിയെ ആ പടത്തിലാണ് ആദ്യമായി കാണുന്നത്. അവർ ഒരു സംഘടനയിലും അംഗമല്ല. അതിനെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. ആണുങ്ങൾ വരുന്നു, പെണ്ണുങ്ങൾ വരുന്നു, അവർ തമ്മിൽ പല രീതിയിലും ഉള്ള ബന്ധങ്ങളുമുണ്ട് അതൊന്നും അന്വേഷിക്കാനോ ഒളിഞ്ഞു നോക്കാനോ പോകാറില്ല. ഏത് തൊഴിൽ സ്ഥാപനത്തിലും ഇതൊക്കെ സംഭവിക്കാവുന്നതേയുള്ളൂ.
ചെറിയ പരാതി പോലും ഇന്ന് വലുതാകും ക്യാമറയുടെ മുന്നിൽ സംസാരിക്കാൻ കഴിവുണ്ടെങ്കിൽ വിഷയം ഒന്നുകൂടെ വലുതായി മാറും. സ്ത്രീ സമത്വത്തിനുവേണ്ടി വാദിക്കുന്നത് തന്നെ സ്ത്രീയുടെ മഹത്വത്തെ താഴേക്ക് വലിക്കുന്നത് പോലെയാണ്, പുരുഷനേക്കാൾ മുകളിലാണ് സ്ത്രീയുടെ മഹത്വം. അത് തിരിച്ചറിയാൻ പറ്റാത്തവരാണ് പുരുഷന്റെ ഒപ്പം എത്തണം എന്ന് വാദിക്കുന്നതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.