ഭൂകമ്പത്തിന് ഏറ്റവും അധികം സാധ്യതയുള്ള ഇന്ത്യയിലെ നഗരങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ; നമ്മളും സുരക്ഷിതരല്ല
കഴിഞ്ഞ തിങ്കളാഴ്ച ലോകത്തെ നടുക്കിക്കൊണ്ട് തുർക്കിയിലും സിറിയയിലും കനത്ത നാശമാണ് ഭൂകമ്പം വരുത്തി വച്ചത്. ഇതിനോടകം 20,000 ത്തിൽ അധികം ആളുകൾ ഈ ഭൂകമ്പത്തില് കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണ് കല്പ്പിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രം വലിയ വളർച്ച കൈവരിച്ചിട്ടുണ്ട് എങ്കിലും ഭൂകമ്പം വരുന്നതിനു മുൻപ് അത് മുൻകൂട്ടി കണ്ടെത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ഒരു വലിയ ന്യൂനതയാണ്. അതുകൊണ്ടാണ് ഭൂകമ്പം കൂടുതൽ മരണങ്ങൾക്കു കാരണമാകുന്നത്. എന്നാൽ ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് എന്ന് ഏറെക്കുറെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ഭൗമശാസ്ത്ര മന്ത്രാലയം പുറത്തുവിട്ട വിവരം അനുസരിച്ച് ഇന്ത്യയുടെ ഭൂപ്രകൃതിയുടെ പകുതിയിലധികം ഭാഗങ്ങളും ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയിൽ കൂടുതൽ അപകട സാധ്യതയുള്ള മേഖലകൾ ഏതൊക്കെയാണ് ചെറിയ അളവിൽ അപകട സാധ്യതയുള്ള പ്രദേശങ്ങൾ എവിടെയൊക്കെയാണ് എന്ന് പ്രത്യേകം തരം തിരിച്ചിട്ടുണ്ട്.
ഗുജറാത്ത് , ഹിമാചൽ , പ്രദേശ് ഉത്തരാഖണ്ഡ് , ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങൾ വളരെയധികം അപകടസാധ്യതയുള്ള മേഖലകളായിട്ടാണ് കൽപ്പിച്ചിട്ടുള്ളത്. കൂടാതെ പശ്ചിമ ഹിമാലയത്തിനോട് ചേർന്ന് നിൽക്കുന്ന മിക്ക സംസ്ഥാനങ്ങളും ഭൂകമ്പത്തിന് സാധ്യതയുള്ള പ്രദേശങ്ങൾ തന്നെയാണ്. ഇവയുടെ കൂട്ടത്തിൽ ഹരിയാന , ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമബംഗാളിന്റെ വടക്കുഭാഗം, ഗുജറാത്ത് , സിക്കിം , മഹാരാഷ്ട്ര എന്നിവിടങ്ങളും അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങൾ ആയാണ് കരുതപ്പെടുന്നത്.
രാജ്യത്ത് ഏറ്റവും അധികം അപകട സാധ്യതയുള്ള നഗരങ്ങൾ ഗുവഹാത്തി, ശ്രീനഗർ , പോർട്ട് ബ്ലെയർ എന്നിവയാണ്. ഇവയോടൊപ്പം തന്നെ കൊൽക്കത്ത, അമൃത്സർ , ലുധിയാന , ചണ്ഡിഗഡ് , ഡൽഹി , ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.