പറയാനുള്ള കാര്യങ്ങൾ ഞാൻ പറയും; ശബ്ദവും ഓർമ്മശക്തിയും നഷ്ടപ്പെട്ടിട്ടില്ല; പറഞ്ഞതിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല; ആരോപണങ്ങൾക്ക് മറുപടിയുമായി ബാലചന്ദ്രകുമാർ
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയിൽ കേസിലെ മുഖ്യ സാക്ഷിയായ ബാലചന്ദ്രകുമാറിന് അസുഖം ബാധിച്ചു എന്ന വാർത്ത കേസിന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സം സൃഷ്ടിക്കുമോ എന്ന ആശങ്ക ഉടലെടുത്തിരുന്നു. എന്നാൽ തന്റെ ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി ബാലചന്ദ്രകുമാർ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് സംസാരിച്ചത്.
തൻറെ ശബ്ദം നഷ്ടപ്പെട്ടോ എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ് അയക്കാറുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു അഭിമുഖം നൽകുന്നത്. താൻ പതിവായി സോഷ്യൽ മീഡിയ നോക്കുന്ന വ്യക്തിയാണ്. ശബ്ദം നഷ്ടപ്പെടുന്ന അസുഖമല്ല തന്റേത്. ശബ്ദത്തിന് ഒരു കുഴപ്പവുമില്ല. അതുകൊണ്ടുതന്നെ ബാക്കിയുള്ള വിചാരണ നടപടികൾ പഴയതുപോലെതന്നെ പൂർത്തിയാക്കാൻ കഴിയും. ഇനീ നാല് ദിവസം കൂടിയാണ് തനിക്ക് വിചാരണ ഉള്ളതായി അറിഞ്ഞിട്ടുള്ളത്.
ഇതുവരെ 11 ദിവസത്തെ വിചാരണ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ള നാല് ദിവസം കൂടി കൃത്യമായി കോടതിയിൽ ഹാജരാകും. പറയാനുള്ള കാര്യങ്ങൾ എല്ലാം വ്യക്തമായി തന്നെ പറയും. ശബ്ദത്തിനും ഓർമ്മശക്തിക്കും ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. പറയാനുള്ള കാര്യങ്ങളിൽ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോയിട്ടില്ല. പറയാനുള്ളത് കോടതിയിൽ ശക്തമായി തന്നെ പറയും. അതിൽ മാറ്റമില്ല.
രണ്ടു കാര്യങ്ങളിൽ മാത്രമാണ് തൻറെ ഭാഗത്തുനിന്നും മൊഴി ആയി ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. അവിടെ വച്ച് പൾസർ സുനിയെ കണ്ടു എന്നതും, നടിയെ ആക്രമിച്ചത് ചിത്രീകരിച്ച വീഡിയോ തന്റെ സാന്നിധ്യത്തിൽ അവർ സംഘം ചേർന്ന് കണ്ടു എന്നതും. എപ്പോൾ ചോദിച്ചാലും ഈ രണ്ടു കാര്യങ്ങൾ അതുപോലെ തന്നെ പറയും. ഇതല്ലാതെ മറ്റു കാര്യങ്ങളിൽ ഒന്നും തനിക്ക് ഒരു ബന്ധവുമില്ല. കേസിന്റെയും തെളിവുകളുടെയും സാങ്കേതിക കാര്യങ്ങൾ അറിയില്ല. നേരത്തെ പറഞ്ഞ രണ്ടു കാര്യങ്ങളിലുമുള്ള തന്റെ നിലപാട് എന്നും ഒരുപോലെ ആയിരിക്കുമെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.