ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ തോന്നിയ ഒരു ആശയം ഇന്ന് ജീവിതമാർഗമായി; ജനപ്രീതി നേടുന്ന കൂൺ കോഫിക് പിന്നിലെ കഥ
15 വർഷത്തോളം ഗൾഫിലെ ഒരു എയർലൈൻസിൽ ഷെഫ് ആയിരുന്നു പത്തനാപുരം തലവൂർ സ്വദേശിയായ ലാലു തോമസ്. അദ്ദേഹത്തിൻറെ രണ്ടു വർഷത്തെ അധ്വാനഫലം ആണ് ലേബേ മഷ്റൂം കോഫി. ഗൾഫിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് തിരിച്ച് നാട്ടിലെത്തിയ ലാലു തോമസ് തന്‍റെ തലയിൽ ഉദിച്ച കൂൺ കോഫി വിജയിച്ചതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോഴാണ് ലാലു കൂൺ കൃഷിയിലേക്ക് തിരിയുന്നത്. ഒരു ദിവസം അഞ്ചു മുതൽ 10 കിലോ കൂൺ വരെ കിട്ടി തുടങ്ങിയതോടെയാണ് ഒരു പുത്തൻ ഉൽപ്പന്നം ഉണ്ടാക്കുന്നതിനെ കുറിച്ച് ലാലു ആദ്യമായി ചിന്തിക്കുന്നത്. ഭാര്യ ആൻസി എല്ലാ പിന്തുണയും നൽകിയതോടെ കൂൺ കോഫി പിറവിയെടുത്തു.
വയനാട്ടിൽ നിന്നുള്ള അറബിക്ക ട്രിപ്പിൾ എ ഗ്രേഡ് കോഫി പൌഡറാണ് ഇതിനുവേണ്ടി വരുത്തിയത്. അഞ്ച് ഇനങ്ങളിലുള്ള കൂണുകളുടെ മിശ്രിതം ചേർത്ത് ലാലു പരീക്ഷണം നടത്തി. ആ പരീക്ഷണം വിജയമായി മാറി. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും കോഫിയുടെ രുചി ഇഷ്ടപ്പെട്ടതോടെ ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാം എന്ന തീരുമാനത്തിലേക്ക് ലാലു എത്തി. മൈക്രോ ഫുഡ് പ്രോസസിംഗ് എന്റർപ്രണർഷിപ്പ് സ്കീമിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഇതിനായുള്ള യന്ത്രങ്ങൾ അദ്ദേഹം വാങ്ങി. കൊട്ടാരക്കര സദാനന്തപുരം കൃഷി വിജ്ഞാനകേന്ദ്രം സയന്റിസ്റ്റ് ആയ ഷംസിയുടെ സഹായം കൂടി ലഭിച്ചതോടെ ലാലുവിന്റെ സ്വപ്ന പദ്ധതിയായ ലേബേ മഷ്റൂം കോഫി വിപണിയിൽ ഇറക്കാൻ കഴിഞ്ഞു.
ആദ്യമായി ലാലു മഷ്റൂം കോഫി അയക്കുന്നത് യുഎഇയിലേക്കാണ്. കൊച്ചിയിൽ വച്ച് നടന്ന വ്യവസായ മഹാ സംഗമത്തിലാണ് കൂൺ കോഫി കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുന്നത്. നിലവിൽ 280 കിലോ കോഫി കയറ്റുമതി ചെയ്യുന്നതിനാണ് ഓർഡർ ലഭിച്ചിട്ടുള്ളത്. ഇതിനായി 4000 കിലോ കൂൺ ആവശ്യമായി വരും. ഇപ്പോൾ ഖത്തറിൽ ഉള്ള മറ്റൊരു കമ്പനിയും ലാലുവിനെ സമീപിച്ചിട്ടുണ്ട്. 30 ഗ്രാം കൂണ്‍ കോഫിയുടെ വില 480 രൂപയാണ്. ഒരു പാക്കറ്റ് കോഫി പൗഡർ ഉപയോഗിച്ച് പത്ത് ഗ്ലാസ് കോഫി തയ്യാറാക്കാം. ധാരാളം നാരും ധാതുലവണങ്ങളും അടങ്ങിയ ഈ കോഫി പോഷക സമ്പുഷ്ടമാണ്.