വീടിന് വാടക നൽകാൻ സഹായം ചോദിച്ചെത്തിയ സാഹിറയ്ക്ക് ഭാസ്കരന് പിള്ള നൽകിയത് 5 സെൻറ് ഭൂമിയും വീടും; മനുഷ്യ സ്നേഹത്തിന്റെയും കരുതലിന്റെയും മുഖം
മനുഷ്യ സ്നേഹത്തിന്റെയും മാനവികതയുടെയും മുഖമായി മാറിയിരിക്കുകയാണ് മലപ്പുറം എടക്കര പാലേമാട് സ്വദേശി ഭാസ്കരന് പിള്ള. കാട്ടിപ്പടി കേലൻ തൊടിക സാഹിറ ഭാസ്കരന് പിള്ളയെ കാണാൻ ചെല്ലുന്നത്ഒ രു സഹായം അഭ്യർത്ഥിക്കാനാണ്. കഴിഞ്ഞ പത്തു മാസമായി സാഹിറ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന വീടിൻറെ വാടക മുടങ്ങി പ്രതിസന്ധിയിലൂടെ കടന്നു പോവുകയായിരുന്നു. അതുകൊണ്ട് കുറച്ച് പണം തന്നു സഹായിക്കണം എന്ന് ചോദിക്കാൻ വേണ്ടിയാണ് സാഹിറ ഭാസ്കരന് പിള്ളയെ കാണാൻ പോകുന്നത്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തിയാണ് കെ ആർ ഭാസ്കരൻ പിള്ള. അദ്ദേഹം വിവേകാനന്ദ പഠന കേന്ദ്രം കാര്യദർശി കൂടിയാണ്. സാഹിറയുടെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ഭാസ്കരന് പിള്ള ഒരു വീടിൻറെ താക്കോൽ എടുത്ത് കൊടുത്തു. അപ്പോൾ സാഹിറയ്ക്ക് അറിയില്ലായിരുന്നു സ്വന്തമായി ഒരു വീടിൻറെ താക്കോലാണ് ലഭിച്ചത് എന്ന്. 5 സെന്റ് ഭൂമിയും വീടുമാണ് ഭാസ്കരൻ പിള്ള സാഹിറയ്ക്ക് നൽകിയത്. സ്വന്തമായി ഒരു വീട് ലഭിക്കുകയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാകുന്നത്. വാടകയ്ക്ക് വീട് നൽകിയെന്നാണ് അവർ കരുതിയത്. എന്നാൽ സ്വന്തമായി എടുത്തോളൂ എന്ന് പറഞ്ഞപ്പോൾ കേൾക്കുന്നത് സത്യമാണോ എന്ന് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. തനിക്ക് അദ്ദേഹം തന്നത് ഒരു കൊട്ടാരമാണ് എന്ന് സാഹിറ പറയുന്നു.
ജീവിക്കാൻ ഒരു ഗതിയുമില്ലാതെ ഒന്നു തലചായ്ക്കാൻ വീടില്ലാതെ കുട്ടികളുമായി സാഹിറ തന്നെ കാണാൻ എത്തിയപ്പോൾ സഹായിക്കുക മാത്രമാണ് താൻ ചെയ്തത് എന്ന് ഭാസ്കരൻ പിള്ള പറയുന്നു. ഈ വിധത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിന് വേണ്ടി ഒന്ന് രണ്ട് വീടുകൾ വാങ്ങിച്ചിട്ടുണ്ടായിരുന്നു. അത്തരത്തിൽ ഒരു വീടാണ് സാഹിറയ്ക്ക് നൽകിയതെന്ന് അദ്ദേഹം പറയുന്നു. കഷ്ടപ്പെടുന്നവർക്കും പ്രയാസമനുഭവിക്കുന്നവർക്കും കൈവശമുള്ളത് കൊടുക്കുക എന്നത് ഓരോ മനുഷ്യന്റെയും ധർമ്മമാണ്. താൻ ചെയ്തത് അതാണ്. മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയും ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോകാൻ ആണ് ആഗ്രഹിക്കുന്നത് എന്നും ഭാസ്കരൻ പിള്ള പറഞ്ഞു.