ഇത്തവണത്തെ ഈസ്റ്ററിന് ഡിജിറ്റൽ നോമ്പ്; കോതമംഗലം രൂപതയുടെ വിചിത്രമായ ആഹ്വാനം
ഇത്തവണത്തെ ഈസ്റ്ററിന് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്തു കൊച്ചി കോതമംഗലം രൂപത. പതിവിൽ നിന്ന് വ്യത്യസ്തമായി മത്സ്യ മാംസാദികൾ ഉപേക്ഷിക്കുന്നതിന്റെ ഒപ്പം മൊബൈൽ ഫോണും ടെലിവിഷന് സീരിയലുകളും നോമ്പു കാലത്ത് വിശ്വാസികൾ പാടെ വർജിക്കണം എന്നാണ് കോതമംഗലം രൂപത ബിഷപ്പായ ജോർജ് മഠത്തിക്കണ്ടത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തത്.
ഈസ്റ്ററിന് മുൻപായി ക്രിസ്തുമത വിശ്വാസികൾ വളരെ ഭക്തി പുരസരം ആചരിച്ചു പോരുന്നതാണ് വലിയ നോമ്പ്. ഇത് 50 ദിവസത്തോളം ഉണ്ടാകാറുണ്ട്. ഇക്കാലത്ത് വിശ്വാസികൾ എല്ലാവരും തന്നെ മത്സ്യ മാംസാദികൾ ഉപേക്ഷിക്കുന്നത് പതിവാണ്. നോമ്പ് എന്നത് ഒരു പരിത്യാഗം കൂടിയാണ്. ഏറെ ഇഷ്ടപ്പെടുന്ന പലതും ഉപേക്ഷിച്ച് ദൈവത്തിൽ അർപ്പിച്ച് ജീവിക്കുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ മനുഷ്യർ ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്നതും അവൻറെ ആസ്വാദന തലം നിശ്ചയിക്കുന്നതും മൊബൈൽ ഫോണുകളാണ്. അതുകൊണ്ടാണ് കോതമംഗലം രൂപത ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്തത്. എല്ലാ മതവിശ്വാസികളും ഇനിയങ്ങോട്ട് ഡിജിറ്റൽ നോമ്പ് കൂടി ആചരിക്കുന്നത് ഏറെ ഗുണകരമാണ് എന്ന് രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ അറിയിച്ചു. മാത്രമല്ല മൊബൈൽ ഫോണുകളുടെ അമിതമായി ഉപയോഗം കുറയ്ക്കുകയോ പാടെ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
നോമ്പ് എന്നത്തിലൂടെ അർത്ഥമാക്കുന്നത് കുടുംബത്തിന്റെയും നാടിൻറെയും നന്മയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ നോമ്പു കാലത്തു വിശ്വാസികൾക്ക് നൽകാൻ ആഗ്രഹിക്കുന്ന ഒരു സന്ദേശം എന്ന നിലയിലാണ് അദ്ദേഹം ഡിജിറ്റൽ നോമ്പ് എന്ന ആവശ്യം മുന്നോട്ടു വച്ചത്. കാലത്തിനനുസരിച്ച് നോമ്പിലും മാറ്റങ്ങൾ ഉണ്ടായേ മതിയാകൂ എന്നാണ് ബിഷപ്പ് ഇതിലൂടെ പറഞ്ഞു വയ്ക്കുന്നത്.