ഫലോപ്യൻ ട്യൂബുമായി ജനിച്ച യുവാവിന് ശസ്ത്രക്രിയയിലൂടെ പുതു ജീവിതം; ഇത് അമൃത ഹോസ്പ്പിറ്റലിന്റെ കിരീടത്തിലെ പൊന്‍ തൂവല്‍
പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയവുമായി ജനിച്ച ഉത്തര്‍ പ്രദേശ് സ്വദേശിക്ക് ശസ്ത്രക്രിയയിലൂടെ പുതിയ ജീവിതം ലഭിച്ചു. ഫരീദാബാദിലുള്ള അമൃത ഹോസ്പിറ്റലിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ ശരീരത്തിൽ നിന്നും പ്രത്യുൽപാദന അവയവം നീക്കം ചെയ്തത്.
സ്ത്രീയുടെയും പുരുഷന്റെയും പ്രത്യുൽപാദന അവയവം പുരുഷനിൽ വളരുന്നത് ഒരു രോഗാവസ്ഥയാണ്. പി എം ഡി എസ് എന്നാണ് ഈ രോഗത്തിന്റെ പേര്. ഈ രോഗത്തിൻറെ പിടിയിൽ അകപ്പെട്ടിരിക്കുകയായിരുന്നു യുവാവ്. ഈ രോഗം ഉള്ളവരിൽ സ്ത്രീകളുടെ പ്രത്യുൽപാദന അവയവങ്ങളായ ഗർഭപാത്രം ഫലോപ്യന്‍ ട്യൂബ് , അണ്ഡാശയം എന്നിവ ഉണ്ടാകും.
ഇത്തരം ഒരു രോഗാവസ്ഥ കാരണം പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടും അപമാനവും ഈ യുവാവ് സമൂഹത്തിൽ നിന്നും അനുഭവിച്ചു വരികയായിരുന്നു. ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് 5 വർഷമാകുന്നു. ഈ രോഗം ഉള്ളതുകൊണ്ടു തന്നെ അച്ഛനാകാൻ ഈ യുവാവിന് കഴിഞ്ഞിരുന്നില്ല.
തന്റെ അവസ്ഥ പരിഹരിക്കുന്നതിന് പല ആശുപത്രികളിലും ഇദ്ദേഹം കയറിയിറങ്ങിയെങ്കിലും ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞില്ല. ഇതിനു ശേഷമാണ് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിൽ യുവാവ് ചികിത്സയ്ക്ക് സമീപിച്ചത്. തുടർന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ യുവാവിന്റെ ശരീരത്തിൽ ഫല്ലോപ്പ്യന് ട്യൂബ് , ഗർഭപാത്രം എന്നിവ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ജനിച്ചത് മുതൽ തന്നെ ഇയാൾക്ക് ഈ രോഗം ഉണ്ടെന്ന് ആശുപത്രി അധികൃതർ മനസ്സിലാക്കി.
ഇത്തരത്തിലുള്ള രോഗം ലോകത്തിൽ മുന്നൂറിൽ താഴെ ആളുകൾക്ക് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ശസ്ത്രക്രിയയിലൂടെ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയുകയുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു. റോബോട്ടിക് ശസ്ത്രക്രിയയുടെ കൂടി സഹായത്തിലാണ് ഇയാളിൽ ശസ്ത്രക്രിയ നടത്തിയത്. ഇയാൾക്ക് കീ ഹോൾ ശസ്ത്രക്രീയ ആണ് നടത്തിയത്. അതുകൊണ്ടുതന്നെ വളരെ വേഗം സുഖം പ്രാപിക്കും എന്ന് ഡോക്ടർമാർ അറിയിച്ചു.