വഴിയോരങ്ങളിലിരുന്ന് റ്റാറ്റൂ ചെയ്തു കൊടുക്കുന്ന സംഘം വ്യാപകം; സൂക്ഷിച്ചില്ലെങ്കിൽ നേരിടേണ്ടി വരുക ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ; ഓർക്കുക നിങ്ങളെ കാത്തിരിക്കുന്നത് ഹെപ്പറ്റൈറ്റിസ് ബീ മുതല്‍ എയ്ഡ്സ് വരെ
കാസർകോട്ടെ കുമ്പളയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ടാറ്റു കുത്തി കൊടുക്കുന്ന നാടോടി സംഘം ഓടി രക്ഷപ്പെട്ടു. വഴിയരികിൽ വച്ച് ടാറ്റൂ ചെയ്തു കൊടുക്കുന്ന ഈ സംഘം ഹെപ്പറ്റൈറ്റിസ് ബീ, എച്ച്ഐവി എന്നിവ വരാതിരിക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ടാറ്റൂ ചെയ്ത് കൊടുക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വഴിവക്കിൽ ഇരുന്ന് ചെറിയ തുകയ്ക്ക് ടാറ്റൂ ചെയ്ത പലരിലും പലവിധ ആരോഗ്യ പ്രശ്നങ്ങളും വ്യാപകമാകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്.
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടാറ്റൂ ചെയ്യുന്നതിന് വലിയ തുക ഈടാക്കുമ്പോൾ വഴിയോരങ്ങളിൽ നിസ്സാര തുകയ്ക്കാണ് ടാറ്റൂ ചെയ്തു കൊടുക്കുന്നത്. ഇതുകൊണ്ടാണ് പലരും ഇവരിലേക്ക് ആകർഷിക്കപ്പെടുന്നത്. പലപ്പോഴും ഇത്തരക്കാരിൽ നിന്ന് ടാറ്റൂ ചെയ്യുന്നവരുടെ ശരീരത്തില്‍ പൊള്ളലും വടുക്കളും ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ ടാറ്റൂ ചെയ്യുമ്പോള്‍ നിലവാരമില്ലാത്ത രാസവസ്തുക്കൾ ആണ് ഉപയോഗിക്കുന്നത്. ഇത് ഉണ്ടാക്കുന്ന അലർജി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് വരുത്തി വെക്കുന്നത്. ഇവർ പച്ച കുത്താൻ ഉപയോഗിക്കുന്ന സൂചിയും ട്യൂബുകളും അണുവിമുക്തമാക്കാറുമില്ല. ഒരു സൂചി തന്നെയാണ് ഇവർ നിരവധി പേർക്ക് ഉപയോഗിക്കുന്നത്. ഇതുമൂലം എച്ച്ഐവി ഹെപ്പറ്റൈറ്റിസ് ബി പോലെയുള്ള രോഗങ്ങൾ പടരാം. നിലവാരമില്ലാത്ത മഷിയായിരിക്കും പലപ്പോഴും ടാറ്റു ചെയ്യാനായി ഇവർ ഉപയോഗിക്കുക. ഇതും നിരവധി ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും.
ഇന്ന് ടാറ്റൂ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നതിനാൽ പലരും മറ്റു സുരക്ഷകൾ ഒന്നും നോക്കാതെയാണ് വഴിയരികിൽ ടാറ്റൂ ചെയ്യുന്നവരിലേക്ക് ഓടിയെത്തുന്നത്.