നടിക്ക് ദിലീപിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടായെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു; അതിലേക്ക് അന്വേഷണം എത്തിയതിൽ സന്തോഷമുണ്ട്; പക്ഷേ അതിന്റേതായ പ്രശ്നങ്ങളും നേരിടുന്നുണ്ട്; മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാട്
മലയാള ദൃശ്യമാധ്യമ രംഗത്തെ പരിചിതമായ മുഖങ്ങളിൽ ഒന്നാണ് മൃതി പരുത്തിക്കാട്. ഇന്ത്യാവിഷൻ റിപ്പോർട്ടർ കൈരളി മനോരമ മാതൃഭൂമി തുടങ്ങിയ ചാനലുകളിൽ പ്രവർത്തിച്ചതിന് ശേഷമാണ് സ്മൃതി മീഡിയ വൺ എന്ന ചാനലിലേക്ക് എത്തുന്നത്. മാധ്യമ രംഗത്തെ തന്റെ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ സംസാരിക്കുകയുണ്ടായി.
നല്ല ഒരു ചർച്ച നടത്തി കഴിഞ്ഞാൽ വല്ലാത്ത സംതൃപ്തി തോന്നുമെന്ന് സ്മൃതി പറയുന്നു. രാഷ്ട്രീയ വിഷയങ്ങൾ മാത്രമല്ല സാമൂഹിക വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചയും ആകാമത്. നടി ആക്രമിക്കപ്പെട്ട വിഷയം അത്തരത്തിൽ ഒന്നാണ്. നടി ആക്രമിക്കപ്പെട്ട കേസ് അതിന്റെ പ്രാധാന്യത്തോടെ ഏറ്റെടുക്കാന്‍ കഴിഞ്ഞു.
നടിക്ക് ദിലീപിൽ നിന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ഒടുവിൽ അന്വേഷണം അതിലേക്ക് തന്നെ എത്തുകയും ചെയ്തു. ഈ വിധത്തിൽ ആ കേസിനെ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. പക്ഷേ അതിന്റേതായ ചില പ്രശ്നങ്ങളും നേരിടുന്നുണ്ട്.
അതേ സമയം തനിക്ക് മറ്റൊരു ജോലി ലഭിച്ചതിന് ശേഷം ആയിരുന്നില്ല കൈരളിയിൽ നിന്നും ഇറങ്ങുന്നത്. വല്ലാത്ത മടുപ്പുണ്ടായിരുന്നു. കൈരളിയിൽ നിന്നും ഇറങ്ങിയതിനു ശേഷം ഒരു ഗ്യാപ്പ് ഉണ്ടായി.അത് കരിയറിൽ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ആ സാഹചര്യം ഇപ്പോൾ മാറി.
മാധ്യമപ്രവർത്തനം അല്ലാതെ ഒന്നും ആഗ്രഹിച്ചിട്ടില്ല. ഒരു പിഎസ്സി പരീക്ഷ പോലും എഴുതിയിട്ടില്ല. മാധ്യമ പ്രവർത്തനം ജീവിതത്തിന്റെ ഭാഗമായി മാറി. ചിലപ്പോൾ മടുപ്പ് തോന്നാറുണ്ട്.
വാർത്തയെ വേഗത്തിൽ സമീപിക്കുമ്പോൾ ചില തെറ്റായ രീതികൾ കാണാം. അതിന്റെ പിന്നാലെ പോകേണ്ട ഒരു അവസ്ഥ ഈ മേഖലയിലുണ്ട്. എന്നാൽ വളരെ സമയം ആലോചിച്ചു പക്വമായ ഒരു തീരുമാനത്തിലെത്താൻ സാധിക്കുന്ന ഒരു മേഖലയും അല്ല ഇത്. ഇതിന് രണ്ടിനും ഇടയിലുള്ള സാഹചര്യമാണ് പലപ്പോഴും ഉള്ളതെന്ന് സ്മൃതി പറയുന്നു.
ചർച്ചകളിൽ വളരെ ദേഷ്യത്തോടെ പെരുമാറിയതായി പലരും പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ഒരു സ്വഭാവമുണ്ട്. പക്ഷേ ഇപ്പോൾ അത്ര അഗ്രസീവ് അല്ല. ചിലരുടെ പ്രതികരണം കാണുമ്പോൾ ദേഷ്യം വരും. അപ്പോൾ അതുപോലെ തന്നെ റിയാക്ട് ചെയ്യും. എന്നാൽ ആ രീതി ബോധപൂർവ്വം മാറ്റാൻ ശ്രമിക്കുകയാണ് താന്‍ എന്നു സ്മൃതി പറയുന്നു.