വെള്ളറട സ്വദേശി ആയ കണ്ടക്ടർ വിഷ്ണുവിൻറെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം…
കണ്ടക്ടർ വിഷ്ണുവിൻറെ മനോധൈര്യത്തിൽ ഒഴിവായത് വൻ ദുരന്തം. കഴിഞ്ഞ ദിവസം വെള്ളറട കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും വൈകിട്ട് നാലു പത്തിന് പുറപ്പെട്ട തേക്കുംപാറ അമ്പൂരി മായം ബസ് ആണ് കണ്ടക്റ്ററുടെ മനസ്സാന്നിധ്യത്തിൽ വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് ഒരു കിലോമീറ്റർ തികയുന്നതിന് മുൻപ് തന്നെ ആനപ്പാറ ആശുപത്രി സ്റ്റോപ്പിൽ ആള്‍ ഇറങ്ങാൻ ഉണ്ടായിരുന്നു. എന്നാല്‍ വെള്ളറട സ്വദേശിയായ കണ്ടക്റ്റര്‍ വിഷ്ണു നിർത്താൻ വേണ്ടി ബെല്ലടിച്ചിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. ഒന്നിലേറെ തവണ ബെല്ലടിച്ചിട്ടും ഡ്രൈവർ നിർത്തിയില്ല. ആനപ്പാറയിൽ നിന്നും വലത്തോട്ട് പോകേണ്ട ബസ് നേരെ കുടപ്പന മൂട് റോഡിലേക്ക് നീങ്ങി. ഈ സമയം എതിരെ വന്ന ഒരു ബൈക്കിൽ ബസ് തട്ടി. പിന്നീട് ഒരു കാറിലും ഈ ബസ് ഇടിച്ചു. ബസ് നിയന്ത്രണമില്ലാതെ മുന്നോട്ട് പോവുക ആയിരുന്നു. തുടര്‍ന്നു ബസ്സിൽ ഉള്ളവർ ഉച്ചത്തിൽ നിലവിളിച്ചു. ബസ് നിറയെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ആയിരുന്നു.
ബസ്സിന്റെ പോക്കിൽ പന്തികേട് തോന്നിയ കണ്ടക്ടർ വിഷ്ണു ഉടൻ തന്നെ ഡ്രൈവർ സീറ്റിന്റെ അടുത്തേക്ക് പാഞ്ഞ് എത്തി. അപ്പോൾ ഡ്രൈവർ വെങ്കോട് സ്വദേശിയായ രാജേഷ് സീറ്റിൽ അനക്കമില്ലാതെ മരവിച്ച് ഇരിക്കുക ആയിരുന്നു.
എത്ര തവണ തട്ടി വിളിച്ചിട്ടും അദ്ദേഹം അനങ്ങുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ വിഷ്ണു ബസ്സിന്റെ ബ്രേക്ക് ചവിട്ടാൻ ശ്രമം നടത്തി. ആദ്യമൊന്നും ആ ശ്രമം വിജയിച്ചില്ല. തുടർന്ന് പമ്പ് ചെയ്തു അദ്ദേഹം ബ്രേക്ക് ചവിട്ടി. അപ്പോഴാണ് ബസ് നിന്നത്. ബസ് നിന്ന് ഉടൻതന്നെ അദ്ദേഹം ഡ്രൈവറായ രാജേഷിനെ യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുക ആയിരുന്നു. വിഷ്ണുവിൻറെ സമയോചിതമായ ഇടപെടൽ മൂലമാണ് ഒരു വലിയ ദുരന്തം ഒഴിവായത്.