വാഹനത്തിനുള്ളിൽ കുപ്പിവെള്ളം കരുതുന്നവർ ശ്രദ്ധിക്കണം…. മുന്നറിയിപ്പുമായി കേരള പോലീസ്….
വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് കൊണ്ട് തന്നെ റോഡ് അപകടങ്ങളുടെ എണ്ണവും മുന്പത്തെത്തിനെ അപേക്ഷിച്ച് ഇപ്പോള്‍ വളരെയധികം കൂടുതലാണ്. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ ഒരു പരിധി വരെ അപകടങ്ങളെ ഒഴിവാക്കാൻ കഴിയും. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുന്നതിനേയും കുറിച്ച് മിക്കപ്പോഴും മുന്നറിയിപ്പ് നൽകി കേരള പോലീസ് സമൂഹ മാധ്യമത്തിൽ കുറിപ്പും വീഡിയോയുമൊക്കെ പങ്കു വയ്ക്കാറുണ്ട്. എന്നാൽ ആരും അത്ര ഗൗരവമാക്കാത്ത ഒരു വിഷയത്തിൽ അപകട മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള പോലീസ്.
നിലവിൽ സംസ്ഥാനത്ത് ചൂട് രൂക്ഷമായതോടെ വാഹനവുമായി പുറത്തേക്ക് ഇറങ്ങുന്നവർ കുപ്പിയില്‍ വെള്ളവും കയ്യിൽ കരുതാറുണ്ട്. അത്തരത്തിൽ കാറിനുള്ളിൽ കുപ്പി വെള്ളം കരുതുന്നവർക്ക് ആണ് ഇത്തവണ കേരള പോലീസ് അപകട സാധ്യത മുന്നറിയിപ്പ് നൽകുന്നത്.
മിക്കപ്പോഴും വെള്ളം കുടിച്ചു കഴിഞ്ഞതിനു ശേഷം കാറിലും മറ്റും കുപ്പി അലക്ഷ്യമായി ഉപേക്ഷിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഈ വീഡിയോയിൽ പറയുന്നു. ഇങ്ങനെ ഉപേക്ഷിക്കുന്ന കുപ്പി ഉരുണ്ട് വാഹനത്തിലെ ബ്രേക്ക് പെഡലിന്റെ അടിയിൽ വരികയും ബ്രേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരികയും ചെയ്യും. ഡ്രൈവറിന്റെ സീറ്റിന്റെ അടിയിലും മറ്റും അലക്ഷ്യമായി ഇട്ടിരിക്കുന്ന കുപ്പികളാണ് ഇത്തരത്തിൽ അപകടം ക്ഷണിച്ചു വരുത്തുന്നത് എന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.
പറയാനുള്ള വിഷയങ്ങള്‍ തങ്ങളുടെ ഫെയിസ് ബുക്ക് പേജിലൂടെ കേരള പോലീസ് പങ്ക് വയ്ക്കാറുണ്ട്. മികച്ച സ്വീകാര്യതയാണ് കേരള പോലീസിന് സമൂഹ മാധ്യമത്തില്‍ ലഭിക്കാറുള്ളത്. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് തങ്ങളുടെ പേജിലൂടെ മറുപടി നാല്കാറുമുണ്ട്.