ഒന്നര വർഷം മുൻപ് മരിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്റെ മൃതദേഹം മറവ് ചെയ്യാതെ വീട്ടിൽ സൂക്ഷിച്ചു; ഇതിന് വീട്ടുകാർ പറഞ്ഞത് വിചിത്രമായ കാരണം
ഒന്നരവർഷം മുമ്പ് മരിച്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ വിംലേഷിന്റെ മൃതദേഹം മമ്മിഫൈ ചെയ്തു വീട്ടിൽ സൂക്ഷിച്ചു. തുണി കൊണ്ട് പൊതിഞ്ഞ നിലയിൽ ആയിരുന്ന മൃതദേഹം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അയച്ചു. കാണ്‍പൂരിലാണ് സംഭവം.
മരിച്ചയാൾ കോമയിൽ ആണെന്ന് കരുതിയാണ് ഒന്നര വർഷത്തോളം മൃതദേഹം സൂക്ഷിച്ചതെന്ന് വീട്ടുകാർ പറയുന്നു.
വിംലേഷ് മരണപ്പെട്ടത് 2021 ഏപ്രിലാണ്. ഹൃദയ സ്തംഭനം മൂലമാണ് ഇയാൾ മരിച്ചത് എന്നാണ് ആശുപത്രിയിൽ നിന്നും ലഭിച്ച റിപ്പോർട്ടില്‍ പറയുന്നത്. മൃതദേഹം വീട്ടിൽ കൊണ്ടു വന്ന് സംസ്കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ ഇയാൾക്ക് ഹൃദയമിടിപ്പും പൾസും ഉള്ളതായി കണ്ടെത്തിയെന്നും ഇതോടെ വിംലേഷ് കോമയിൽ ആണെന്ന് കരുതി മൃതദേഹം തുണിയിൽ പൊതിഞ്ഞു വീട്ടിൽ സൂക്ഷിക്കുക ആയിരുന്നു എന്നുമാണ് ഇദ്ദേഹത്തിന്റെ പിതാവ് പറയുന്നത്.
വിംലേഷിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു കത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അധികൃതർ വീട്ടിലെത്തി പരിശോധിന നടത്തിയത്. അപ്പോഴാണ് മൃതദേഹം മമ്മിഫൈ ചെയ്തു വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുന്ന വിവരം അറിയാൻ കഴിഞ്ഞത്. വിംലേഷ് മരിച്ചിട്ടില്ല എന്നാണ് വീട്ടുകാർ നല്കിയ വിശദീകരണം. പിന്നീട് ഒരുപാട് സംസാരിച്ചതിനു ശേഷം ആണ് വീട്ടുകാര്‍ ഇവർ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അനുവദിച്ചത്. പിന്നീടാണ് വീട്ടുകാർ മരണം സ്ഥിരീകരിച്ചതും മൃതദേഹം സംസ്കരിക്കാൻ തയ്യാറായതും.
അതേസമയം ഒന്നരവർഷത്തോളം വീട്ടിനുള്ളിൽ മൃതദേഹം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.