നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നോട്ടുകെട്ടുകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആന്ധ്ര
നവരാത്രി ദസറ ആഘോഷങ്ങളുടെ ഭാഗമായി ആന്ധ്രയിലെ ഒരു ക്ഷേത്രം നോട്ടുകെട്ടുകൾ കൊണ്ട് അലങ്കരിച്ചു. വാസവി കന്യക പരമേശ്വരി എന്ന പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ഉത്സവത്തിന്‍റെ ഭാഗമായി നോട്ടുകെട്ടുകൾ കൊണ്ട് അലങ്കരിച്ചത്. 8 കോടി രൂപ കൊണ്ടാണ് ഈ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്.
ഇവിടുത്തുകാർ ഏറെ പ്രാധാന്യത്തോടെ കാണുന്ന ഈ ക്ഷേത്രത്തിന് 135 വർഷത്തെ പഴക്കമാണുള്ളത്.ഇന്നാട്ടുകാരുടെ വിവിധ ആയിത്തീഹങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രത്യേക സ്ഥാനമുണ്ട്. എട്ടു കോടി രൂപയുടെ നോട്ടും സ്വർണവും കൊണ്ടാണ് വാസവി കന്യക പരമേശ്വരി ക്ഷേത്രം മോടി പിടിപ്പിച്ചിരിക്കുന്നത്. തറയിലും ചുമരിലും നോട്ടുകെട്ടുകൾ അടുക്കി വച്ചിരിക്കുന്നത് കാണാം. പ്രതിഷ്ഠയിൽ സ്വർണം പൂശിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ പ്രമുഖ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്.
ഇത് വളരെ വർഷങ്ങളായി നടന്നു വരുന്ന ചടങ്ങാണ്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ നോട്ടുകൾ കൊണ്ടാണ് ഇത്തവണ ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. അതേസമയം പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞാൽ ഈ നോട്ടു കെട്ടുകൾ സംഭാവന തന്നവർക്ക് തന്നെ തിരികെ നൽകുമെന്നും ക്ഷേത്ര ട്രസ്റ്റ് ഇത് എടുക്കില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. മുൻപൊരിക്കൽ ഇതേ ക്ഷേത്രത്തിൽ അഞ്ചു കോടി രൂപ കൊണ്ട് അലങ്കരിച്ചത് വലിയ വാർത്തയായി മാറിയിരുന്നു. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഗോദാവരി ജില്ലയിലെ പെനഗോഡ എന്നു പേരുള്ള നഗരത്തിലാണ്.
അതേസമയം ഇത് അനാവശ്യ ദൂർത്താണെന്ന് ഒരു വിഭാഗം ആരോപിച്ചു. എന്നാൽ ആചാരങ്ങളുടെ ഭാഗമായി ഇത്തരം നടപടികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു പോരുന്നുണ്ടെന്ന് ആയിരുന്നു മറുവാദം.