വീട് പുതുക്കി പണിയുന്നതിനിടെ ചുമരിൽ നിന്നും കണ്ടെത്തിയത് 46 ലക്ഷം രൂപ; പണവുമായി ബാങ്കില്‍ എത്തിയപ്പോൾ അവിടെ മറ്റൊരു ട്വിസ്റ്റ്
ഒട്ടും പ്രതീക്ഷിക്കാതെ കുറച്ച് പണം കയ്യിൽ വന്നാൽ ആരായാലും സന്തോഷിക്കില്ലേ. സ്പെയിനിൽ നിന്നുള്ള ഈ മനുഷ്യനും അതേ സന്തോഷമാണ് ഉണ്ടായത്. പക്ഷേ നിർഭാഗ്യവശാൽ ആ സന്തോഷം അധികനേരം നീണ്ടു നിന്നില്ലന്നു മാത്രമല്ല ആശങ്കയ്ക്ക് വഴി മാറുകയും ചെയ്തു.
സ്പാനിഷ് ബിൽഡർ ആയ ടോണോ പിന്നീറോയ്ക്കാണ് പുതിയതായി വാങ്ങിയ വീട് നവീകരിക്കുന്നതിനിടെ വീടിൻറെ ഭിത്തിയുടെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ 47000 പൗണ്ട് ലഭിച്ചത്. ഇത് 47 ലക്ഷത്തോളം ഇന്ത്യന്‍ രൂപ വരും. 6 ചെറിയ കാനുകളിൽ സൂക്ഷിച്ചിരുന്ന നിലയിൽ ആയിരുന്നു നോട്ടുകൾ ഉണ്ടായിരുന്നത്. ഇതോടെ ടോണോ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഉടൻതന്നെ പണം മാറ്റുന്നതിന് വേണ്ടി അദ്ദേഹം ബാങ്കിലെത്തി. ബാങ്കിൽ എത്തിയതോടെ എല്ലാ സന്തോഷവും അവസാനിച്ചു. ടോണോയ്ക്ക് ലഭിച്ചത് മുഴുവൻ പഴയ നോട്ടുകൾ ആയിരുന്നു. ഇത് സ്വീകരിക്കുന്നത് ബാങ്ക് ഓഫ് സ്പെയിൻ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. ഇത്തരമൊരു വാർത്ത കേട്ടതോടെ ടോണോ ആകെ വിഷമത്തിലായി. എങ്ങനെയെങ്കിലും ഈ പണം മാറി കിട്ടുന്നതിന് എന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അദ്ദേഹം ബാങ്ക് അധികൃതരോട് തിരക്കെങ്കിലും നിരാശ ആയിരുന്നു ഫലം.
പക്ഷേ അതുകൊണ്ടൊന്നും പിന്തിരിഞ്ഞു പോകാൻ ടോണോ ഒരുക്കമായിരുന്നില്ല. ഒടുവിൽ ഏറെ ശ്രമപ്പെട്ടു അധികൃതമായി തർക്കിച്ചും നിയമ വശങ്ങള്‍ ചൂണ്ടിക്കാട്ടിയും 29 ലക്ഷം രൂപ ടോണോ ബാങ്കില്‍ നിന്നും വാങ്ങിയെടുത്തു.
ഒരു ചെറുകിട ബിൽഡർ ആയ ടോണോ ഈ വീട് വാങ്ങുന്നത് സമൂഹ മാധ്യമത്തിലെ ഒരു പരസ്യം കണ്ടാണ്. 40 വർഷത്തിലധികമായി ഈ വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏതായാലും ഈ വീട്ടിലൂടെ ടോണോയ്ക്ക് ഭാഗ്യം വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ.